കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധ്യത തേടി കേരളം; ഉടന്‍ കേന്ദ്രത്തെ സമീപിക്കും
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതകള്‍ തേടി കേരളം. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെഎസ്ഡിപി) വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണു ശ്രമം നടത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനം ഉടന്‍ കേന്ദ്രസര്‍ക്കാരിനു പദ്ധതി സമര്‍പ്പിക്കും.
സംസ്ഥാനം സ്വന്തമായി വാക്‌സിന്‍ ഉത്പാദിപ്പിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇതിനു വലിയ തോതില്‍ പണവും സമയവും വലിയ സാങ്കേതിക വിദ്യയും ആവശ്യമാണ്. ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നതിനു നിരവധി കടമ്പകളും നേരിടേണ്ടി വരും. അതിനാല്‍ നിലവില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളെ ആകര്‍ഷിക്കാനാണു ശ്രമം.
വാക്‌സിന്‍ ഉല്‍പ്പാദനം സംബന്ധിച്ച വിശദമായ പ്ലാന്‍ കെഎസ്ഡിപി വ്യവസായ വകുപ്പിനു സമര്‍പ്പിച്ചതായാണു വിവരം. പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്ത ദിവസം കെഎസ്ഡിപി സന്ദര്‍ശിക്കും. പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും മറ്റു സംവിധാനങ്ങള്‍ക്കും ഉടന്‍ എഴുതാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയതായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Join the conversation